2016, ഫെബ്രുവരി 27, ശനിയാഴ്‌ച

" മുഖം "

                 

                ചാനെൽ വാർത്താ മുറിയിൽ നിന്ന് ഇടക്ക് ഇറങ്ങി പോയ  നേതാവ് പരിഭ്രാന്തൻ ആയിരുന്നു, ലൈവ്  പോയി കൊണ്ടിരുന്നതിനാൽ എനിക്ക് ഇറങ്ങി പോകാനും പറ്റില്ലായിരുന്നു ..
                 ഒരു രണ്ടു  മിനിട്ട് ഇടവേള കിട്ടാൻ ഇനി ഏതെങ്കിലും ഫോൺ ലൈൻ കട്ടാകണം..ഞാൻ ഇടം കണ്ണിട്ട് പുറത്തേക്ക്  നോക്കി, നേതാവ് തിരക്കിട്ട തിരച്ചിലിൽ തന്നെ ആണ് ...
                  മുറിയിലെ മറ്റുള്ളവരുടെ മുഖത്തേക്കും ആ പരിഭ്രമം പരക്കുന്നു..ഇപ്പോൾ  പുറത്ത് തിരയാൻ ഉള്ള ആളുകളുടെ എണ്ണം കൂടുന്നു ..ഒരു ഇടവേള എടുത്തില്ലെങ്ങിൽ എല്ലാം കൈ വിട്ടു പോകും. "ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരാം " പറഞ്ഞ്‌ ഒപ്പിച്ച് ഞാൻ വേഗം പുറത്തേക്കിറങ്ങി
               "എന്താ ?? എന്താ പോയത് ??"
വേസ്റ്റ് ബാസ് കെറ്റിൽ  ഇട്ട കൈ വലിച്ചെടുത്ത് നേതാവ് ഞെട്ടി തിരിഞ്ഞു ഇപ്പോൽ ആ മുഖത്ത് പരിഭ്രമമം വ്യെക്തമായി കാണാം
           " എന്റെ മുഖം ..., എന്റെ മുഖം കാണുന്നില്ല .."
ഇപ്പോൽ  ഞെട്ടിയത് ഞാനാണ് ...നേതാവിന്റെ മുഖം കാണാതെ പോയാൽ ...ഇന്നത്തെ വാർത്താ ചർച്ച ..???
           "ദാ കിട്ടി ..."  ഒരു ശിങ്കിടി, നേതാവിന്റെ മുഖം ഒരു പെട്ടിയുടെ മറവിൽ നിന്നും വലിച്ചെടുത്ത് നീട്ടി
ഒരു ദീർഘശ്വാസം വിട്ടു നേതാവ് മുഖം വെച്ച് അകത്തേക്ക്  നടന്നു ...
ആശ്വാസത്തോടെ മുറിയിലേക്ക് തിരിച്ചു കയറുമ്പോൾ ഞാൻ അലമാരയിലെക്ക് ഒന്ന് പാളി നോക്കി .."എന്റെ മുഖം ??'' അവിടെ ഭദ്രമായി ഉണ്ടെന്നു കണ്ട സമാധാനത്തിൽ ഞാൻ വീണ്ടും  ക്യാമറയിലേക്ക് തിരിഞ്ഞു ...
            " വീണ്ടും സ്വാഗതം , ഇന്നത്തെ നമ്മുടെ ചർച്ച ....."

2016, ഫെബ്രുവരി 20, ശനിയാഴ്‌ച

" ഭഗോതി ചാത്തന്‍ - 2 "

       കിഴക്കേ കാവില്‍ "കൌസല്യ സുപ്രജ രാമ..."  കേള്‍ക്കുമ്പോളെക്കും ചാത്തെട്ടന്‍ എഴുനേല്‍ക്കും, ഭഗോതി ചാത്തന്‍ എന്ന് പറഞ്ഞാലേ ഞങ്ങള്‍ നാട്ടുകാര്‍ക്ക് ആളെ പിടി കിട്ടു... വാസ്വേട്ടന്റെ തൊടിയില്‍ നിന്ന് ഒരു മാവിലയും പൊട്ടിച്ചു അത് കൊണ്ട് പല്ലും തേച്ചുള്ള നടപ്പ് നില്‍ക്കുക തോമേട്ടന്റെ ചായക്കടയിലാണ്. ഇപ്പോളത്തെ ന്യൂ ജെന്‍ വരുന്നതിനു  മുന്‍പുള്ള മുട്ടുവരെ എത്തുന്ന ട്രൌസര്‍ മടക്കി കുത്തിയ മുണ്ടിനു കീഴെ കാണാം..
 “ ആയ കാലത്തെ ഗഡിആണ് മോനെ മൂപ്പര്‍ ”. 
തോമേട്ടന്‍ പറയാന്‍ തുടങ്ങിയാല്‍ ചത്തെട്ടന്റെ അച്ഛന്റെ അച്ഛന്റെ തലമുറ മുതല്‍ തുടങ്ങും, ചിലപ്പോളൊക്കെ ഗണേഷ് ബീഡിയും വലിച്ച് ചാത്തെട്ടനുംഅത് ആസ്വദിക്കും ...
“ ഡാ ഇന്നലെ മുതല്‍ ആ ചെക്കന്‍ നിന്നെ തെരഞ്ഞ് നടക്കുന്നുണ്ട് “
ചാത്തെട്ടന്‍ ചോദ്യ ഭാവത്തില്‍ മുഖം ഉയര്‍ത്തി
“ ആ വാവേട്ടന്റെ വീട്ടിലെ ..”
വാവേട്ടന്‍ മരിച്ചിട്ട് കൊല്ലം നാല് ആയി , പ്രായമായ ഭാര്യ മാത്രമേ ഉള്ളു. ആദ്യത്തെ ഭാര്യ മരിച്ച് ഒരു പാട് കാലം കഴിഞ്ഞാണ് വാവേട്ടൻ പിന്നെ ഒരു കല്യാണം കഴിച്ചത് ,   കുട്ടികളും ഇല്ല . നാട്ടിലെ പഴയ ഒരു പ്രമാണി ആയിരുന്നു വവേട്ടന്‍..  ഒരുപാട് സ്ഥലവും നടുക്കൊരു പഴയ വീടും.  ഒറ്റയ്ക്ക് ആയതില്‍  പിന്നെ  അവരുടെ ആങ്ങളയുടെ മോനെ കൊണ്ട് നിര്ത്തിയിരിക്കുക ആണ് ഒരു സഹായത്തിന്, ഈ പറഞ്ഞ ചെക്കന്‍, ശരത്.
“ യ്യോന്ന്‍ പോയി നോക്ക്, തേങ്ങ ഒക്കെ കെന്റ്റിലേക്ക് വീഴുന്നോലെ, യ്യോന്ന്‍ പോയോക്ക്"
തേങ്ങ ഉണങ്ങി കിണറിലേക്ക് വീഴുന്നു ഇതാണ് പ്രശ്നം...
സാധാരണ ഗതിയില്‍ ചത്തെട്ടനെ ഒരു ദിവസം  പണിക്ക് കിട്ടണം എങ്കില്‍ ഒരാഴ്ച മുന്നേ ഉറപ്പിക്കണം അത് വേണ്ടാത്ത രണ്ടു പേരെ നാട്ടിൽ  ഉള്ളു വവേട്ടനും പിന്നെ മേനോക്കിയും 
"പഴയ തമ്പുരാന്‍ ഹാങ്ങ്‌ ഓവര്‍..." രണ്ടാഴ്ച നടന്നിട്ടും ചത്തെട്ടനെ കിട്ടാത്ത സഖാവ് കുട്ടേട്ടന്‍ ഒരിക്കല്‍ പറഞ്ഞതാ...
" ഞങ്ങളൊക്കെ കൊടി പിടിച്ചു സമരം നടത്തി ഒരു നിലയിൽ ആക്കിയപ്പോ, ഇപ്പൊ തന്നെ ഇങ്ങനെ ഇനി നാളെ എന്താവും..."

കുടിച്ച ചായ പകുതിയില്‍ നിര്‍ത്തി ചാത്തെട്ടന്‍ എഴുനേറ്റു 
"ന്നാ പ്പത്തന്നെ പോയേക്കാം ല്ലേ, കുത്തിക്കോ" 

കുത്തിക്കോ എന്ന് പറഞ്ഞാല്‍ പറ്റു പുസ്തകത്തില്‍ എഴുതിക്കോ ...കിട്ടിയാൽ കിട്ടി പോയാ പോയി..
" പഴയ പോലെ ആകേണ്ട" പോകുന്ന പോക്കിൽ തോമേട്ടൻ കളിയാക്കി..

"അതെന്താ കഥ ?"

" അനക്കറിയൂലെ, പണ്ട് മൂപ്പര് ഇങ്ങനെ വാവേട്ടന്റെ വീട്ടിൽ പോയതാ..." 
കഴുകി കൊണ്ടിരുന്ന ഗ്ലാസ് മേശയിൽ വെച്ച് മുണ്ടിൽ കൈ തുടച്ചു തോമേട്ടൻ തുടങ്ങി

"കെന്റിൽ തേങ്ങ വീണിറ്റാ മൂപ്പരെ വിളിച്ചത് കൊല അടക്കം കെന്റിലിട്ട്ട്ടാ മൂപ്പർ പോന്നത്, അയിന്റെ ആഴം കണ്ടിട്ടില്ലേ പിന്നെ ശശി എറങ്ങീട്ടാ എടുത്തത്..."

" പിന്നെ അടുത്തത്, നായ് കൂടിന്റെ മേലെ തേങ്ങ വീണു ഓട് പൊട്ടുന്നു എന്ന് പറഞ്ഞു വിളിച്ചതാ അന്ന് കൂട് മുഴുവൻ തേങ്ങ ഇട്ട് പൊളിച്ചിട്ടാണ് മൂപ്പര് വന്നത്.., ഇന്നിനി എന്താണാവോ, അല്ലെങ്കിലേ മൂപത്യാർക്ക് വയ്യ ..."

അന്ന് വൈകുന്നേരം ശരത് വന്നത് ദാസേട്ടനെ ചോദിച്ചാണ് ..പ്ലംബർ ആണ് ദാസേട്ടൻ..

" എന്താ മോനെ ഇന്ന് ശശിനെ വേണ്ടേ?, അല്ല ചാത്തു വന്നതോണ്ടു ചോദിച്ചതാ.."

" ഇന്ന് നല്ല ദിവസം ആയിരുന്നു..തേങ്ങ മുഴുവൻ ഇട്ടു, കിണറിൽ വീണില്ല, ഓട് പൊട്ടിയില്ല... ആദ്യമായിട്ടാ ഇങ്ങനെ..."
 
"ന്ന് ട്ട് മൂപ്പരെ കണ്ടില്ലലോ"

" കാണൂല, ഇന്നത്തെ സന്തോഷത്തിന് വയ്യാത്ത കാലും വെച്ച് അമ്മായി കട്ടാൻ ചായ വരെ ഇട്ടു കൊടുത്തു ..അതും കുടിച്ചു പോണ പോക്കിൽ, തൊടിയിൽ കുറെ കരിയില ഒക്കെ ഉണ്ടായിരുന്നു...
രണ്ടു ദിവസം ആയി പുറം പണിക്ക് ആളില്ല..
മൂപ്പർ ചൂലെടുത്തു ഒക്കെ അടിച്ചു വാരി, അമ്മായി വേണ്ട വേണ്ട എന്ന് കുറെ പറഞ്ഞു പോലും ..ആരു കേൾക്കാൻ"

"അതിനെന്താ , അതൊക്കെ ഓൻ കണ്ടറിഞ്ഞു ചെയ്യും.."

" ഇങ്ങള്  തോക്കിൽ കയറാതെ, മുഴുവൻ കേക്ക്, അത് മുഴുവൻ അടിച്ചു കൂട്ടി, ഒരു ബീഡിയും കത്തിച്ച്  രണ്ടു വലിയും വലിച്ച് കരിയില ക്ക് തീയും കൊടുത്തു പോയ പോക്കാ.. ഇങ്ങള് ശശിനെ കണ്ടോ.."

" അപ്പം ഇന്നൊരു ഉപകാരത്തിൽ ആയി അല്ലെ?
അക്ഷമനായി  സൈക്കിൾ പിടിച്ചു നിന്ന ശരത് രൂക്ഷമായി തോമേട്ടനെ നോക്കി

" ന്റെ തോമേട്ടാ അതിനെ അടിക്കൂടെ ആയിരുന്നു വെള്ളത്തിന്റെ പൈപ്പ് പോയത്...പി വി സി..അത് മുഴുവൻ ഉരുകി ഇപ്പം തൊടി ഏതാ കുളം ഏതാ എന്നറിയാതെ ആയി, മൂപ്പര് വന്നാ തോണിയുമായി വീട്ടിലേക്ക് വരാൻ അമ്മായി പറഞ്ഞെന്നു പറഞ്ഞേക്ക്.."

 " ന്റെ ഭഗവതി..."

തോമേട്ടന്റെ ചായക്കടയുടെ പിന്നിൽ നിന്ന് ഒരു നെഞ്ചത്തടിയും ആരോ മറിഞ്ഞു വീഴുന്ന ഒച്ചയും...







2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

"നായരേട്ടൻ"

"പോയിട്ടോ"

രാവിലെ ഒരു നാല് നാലര ആയി കാണും, മൂടി പുതച്ച പുതപ്പു വലിച്ചു മാറ്റി അമ്മ പറയുന്നത് കേട്ടാണ് ഉണർന്നത്..

"പോയിലേ,ഉം...."

ഞാൻ തിരിച്ച് പുതപ്പിനുള്ളിലേക്കും അമ്മ തിരിച്ച് അടുക്കളയിലേക്കും പോയി...
ഒരു പത്തു മിനിട്ടു കഴിഞ്ഞാണ് കത്തിയത്
ആര് പോയി, എന്ത് പോയി?
അമ്മയുടെ മുഖഭാവം കണ്ടാൽ എന്ത് ഏത് എന്ന് പെട്ടെന്ന് ഒരു ഐഡിയയും കിട്ടില്ല.

സ്വന്തം കോഴിയെ കുറുക്കൻ പിടിച്ചപ്പോ,അച്ഛമ്മ മരിച്ചതിനെക്കാൾ കൂടുതൽ നെഞ്ചത്തടിച്ച് , ശ്വാസ കോശം സ്പോഞ്ചുപോലെ ആക്കിയ ആളാ.

ഇതിപ്പോ ഏതു ലൈനിൽ വരും?

" ങ്ങളെന്താ പറഞ്ഞത്?"

" മ്പള, നാരാനേട്ടൻ പോയി,അച്ഛച്ചൻ അങ്ങട് പോയിക്കിന്, യ്യ്യ് വേം ഒന്ന് പോയി പോര്"

നാരായണെട്ടൻ...പോയി
രാവിലെ നടക്കാൻ പോയ ലാഘവത്തിൽ ആണ് അമ്മ പറഞ്ഞു നിർത്തിയത്.

പാവം ഒന്ന് രണ്ടു ആഴ്ച ശരിക്കും അനുഭവിച്ചു..ഞെട്ടാനൊന്നും ഇല്ലായിരുന്നു നന്നായി എന്നെ തോന്നിയുള്ളൂ.

കിടന്ന കിടപ്പിൽ കൈ എത്തിച്ചു ഫോൺ എടുത്തു...

വാട്ട്സ്ആപ്പ് ഇൻബോസ് നിറഞ്ഞു കവിഞ്ഞു ഒന്ന് രണ്ടു മെസ്സേജ് മേശപ്പുറത്തു എത്തിയിട്ടുണ്ട്..

നാട്ടിലെ ലോക്കൽ ഗ്രൂപ്പ് മുതൽ ഒബാമയുടെ ഇന്റർനാഷണൽ ഗ്രൂപ് വരെ ഉണ്ട്...

"ദിവംഗതനായി"
നാരായണേട്ടന്റെ ഒരു ഫോട്ടോക്ക് താഴെ ഷുക്കൂറിന്റെ കമന്റ്..അസൂയ തോന്നി ഇവൻ ഇത്ര രാവിലെ തന്നെ ഇതൊക്കെ എവിടുന്നു ഒപ്പിച്ചു...

ഒരു കരഞ്ഞു കൊണ്ടിരിക്കുന്ന സ്മൈലി അങ്ങ് പോസ്റ്റ് ചെയ്തു...

" വടിയായി" ഷുക്കൂറിന്റെ വക പേർസണൽ മെസ്സേജ്....കൊള്ളാം

" അങ്ങനെ മൂപ്പർ മൂക്കിൽ പഞ്ഞി വെച്ചു"
"നായരേട്ടൻ സ്കൂട്ട് ആയി"
" പുകയായി"
"കട്ടേം പടോം മടങ്ങി"
" ആ നക്ഷത്രം പൊലിഞ്ഞു"
" നിര്യാതനായി"
"അന്തരിച്ചു"

ഗ്രൂപ്പുകൾക്ക് അനുസരിച്ച് ശൈലികൾ മാറി കൊണ്ടേ ഇരിക്കുന്നു...

"നാടിന്റെ തീരാ നഷ്ടം .."എന്ന് തുടങ്ങുന്ന
പഞ്ചായത്ത് മെമ്പർ സുഗണേട്ടന്റെ പോസ്റ്റ് വായിച്ചപ്പോ മരിച്ചത് നാരായണേട്ടൻ തന്നെ അല്ലെ എന്നൊരു ഡൌട്ട്...

ഓരോ തലമുറ മരിക്കുമ്പോളും നാട്ടിലെ ഓരോ നന്മകളാണ് മരിക്കുന്നത്..ഏതോ ഒരു പാക്കറ്റിന് പുറത്ത്
" കോളേസ്ട്രോൾ ഫ്രീ"
എന്ന് എഴുതിയത് കണ്ട്, ഫ്രീ കിട്ടിയില്ല എന്ന് പറഞ്ഞ് സാധനം തിരിച്ചു കൊടുത്ത ഒരു കഥ തന്നെ ഉണ്ട് നാരായനണേട്ടന്റെ പേരിൽ..

പെട്ടെന്ന് പല്ലു തേച്ചു വലിഞ്ഞു നടന്നു..

മൂപ്പർ മരിച്ചു കിടക്കുന്ന ഒരു നല്ല ഫോട്ടോ കിട്ടിയില്ലെങ്കിൽ അനുശോചനം പോസ്റ്റ് ചെയ്യാൻ ഒരു വെറൈറ്റി കിട്ടില്ല..ഇനിയിപ്പോ അതിനൊരു ക്യാപ്ഷനും വേണം..ഒരു വെറൈറ്റി..കിടു സാധനം...

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

reboot

"ചിലപ്പോളൊക്കെ  ഒന്ന് reboot ചെയ്യുന്നത് നല്ലതാ അതിപ്പോ മനുഷ്യന്‍ ആയാലും ങ്ങളെ കമ്പ്യൂട്ടര്‍ ആയാലും ..."
ഇന്നലെ ദാസേട്ടന്‍ അങ്ങനെ പറഞ്ഞപ്പോ ഞാന്‍ ആദ്യം ചിന്തിച്ചത് ഇയാള്‍ reboot ഒക്കെ എങ്ങനെ പഠിച്ചു എന്നായിരുന്നു. നോക്കിയ മാത്രം ഉണ്ടായിരുന്ന കാലത്തെ മൊബൈല്‍ ഉപയോഗിക്കുന്ന ആളാകക്ഷി ..പക്ഷെ പിന്നെ ചിന്തിച്ചപ്പോള്‍ അതും ശരിയാണെന്ന് തോന്നി, അല്ലെങ്ങില്‍ അത് മാത്രമേ ശരിയായത് ഉള്ളു.
ഇടക്കൊക്കെ ഒരു refresh നല്ലതാ , പക്ഷെ ഇയാള്‍ എവിടുന്നാ reboot പഠിച്ചത് എന്ന സംശയം അങ്ങനെ തള്ളാന്‍ തോന്നിയില്ല.. ദാസേട്ടന്‍ സുപ്പര്‍ മാര്‍ക്കെറ്റിലെ സഹായി ആണ്, അമ്പതു വയസു പ്രായം ആയ കാലത്ത് വന്നതാ ഇനി ആവാത്ത കാലത്ത് കമ്പനി പായ്ക്ക് ചെയ്താലേ പോകൂ എന്ന് വാശി പിടിച്ചിരിക്കുന്ന കക്ഷി ..പാക്ക് ചെയ്യാനാണോ എന്നറിയില്ല മൂപ്പര്‍ക്ക് ഒരു സഹായിയെ കൂടെ ഇപ്പോ കൊടുത്തിട്ടുണ്ട്‌ ,, ഒരു ബംഗാളി , കല്‍ക്കത്ത ക്കാരന്‍ ഗഡി. ഫുള്‍ സ്ലീവും ഇന്നും ചെയ്ത് നടക്കുന്ന അവനെ കാണുമ്പോ ഇനി അവനാണോ മാനേജര്‍ എന്നൊരു സംശയം എല്ലാവരും ചോദിച്ചു തുടങ്ങിയിട്ട് ഉണ്ട് ..
 "ഇനി കുറച്ചു മൂള ഉള്ള കൂടത്തില്‍ ആണെങ്ങില്‍ നമുക്കൊന്ന് പൊക്കി വിടാടോ" എന്ന് സമദിക്ക പറഞ്ഞപ്പോ അവനെ ഒന്ന് ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങി
"എക്സ് ക്യുസ് മി" എന്ന് ഒരു കസ്റ്റമര്‍ പറഞ്ഞപ്പോള്‍

 " എസ് ഐ അം എക്സ് ക്യുസ് മി" എന്ന് അവന്‍ തിരിച്ചു പറഞ്ഞപ്പോ മൂള ഉണ്ടെന്നു എനിക്കും തോന്നി,

പിന്നത്തെ ചോദ്യത്തിന്‍റെ ഉത്തരം പൊളിച്ചു ..
.
" ദു യു ഹാവ് നോണ്‍ സ്റ്റിക് ഐറ്റംസ്"
"എസ് ഐ അം നോണ്‍ സ്റ്റിക്ക്'"

കൊള്ളാം ഇവന്‍ നമുക്ക് പറ്റിയ ആള്‍ തന്നെ...

അയാള്‍ അടുത്ത ചോദ്യം തൊടുത്തു , ഈ പ്രാവശ്യം അയാള്‍ക്ക് അറിയേണ്ടത് രണ്ടു പാത്രങ്ങള്‍ തമ്മില്‍ എന്താ വെത്യാസം എന്നായിരുന്നു.
പക്ഷെ എന്റെ കക്ഷി മിന്നിച്ചു

" ദിസ്‌ ഈസ്‌ ഫുള്‍ സ്റ്റീല്‍ ആന്റ്റ് ദിസ്‌ ഈസ്‌ ഹാഫ് സ്റ്റീല്‍ "!!!, തിരിഞ്ഞ് എന്നെ നോക്കി " സാര്‍ പ്ലീസ് കമിംഗ് " എന്ന് കൈകാട്ടി വിളിച്ചപ്പോ ഞാന്‍ ഉറപ്പിച്ചു

"reboot മാത്രമല്ല ദാസേട്ടന്‍ ഇനി പലതും പഠിക്കാന്‍ കിടക്കുന്നുണ്ട് ..

"ഇനിയിപ്പോ ദാസേട്ടന്‍ ആയിട്ടു പണി നിര്‍ത്തി പോകാന്‍ കമ്പനി ചെയ്തതാണോ ഈ പുതിയ പണി ?"
പൊട്ടി ചിരിച്ചു കൊണ്ട് സമദിക്ക പറഞ്ഞു

ആവാന്‍ മതി പുതിയ പുതിയ രീതികള്‍ അല്ലെ ഇപ്പോ കമ്പനികള്‍ നോക്കുന്നത് , നീ ഏതായാലും ഒന്ന് reboot ചെയ്തേക്ക്...