2012, നവംബർ 9, വെള്ളിയാഴ്‌ച

" ഭഗോതി ചാത്തന്‍ "


 മത്താപ്പ് കോയ ! 
കേള്‍ക്കുമ്പോ  ഒരു "ഇത്" ഇല്ലെ ? നാട്ടിന്‍ പുറത്തെ ഓല മറച്ച ചായക്കടയുടെ , കാലു  പൊട്ടിയ ബെഞ്ചില്‍ ഇരിക്കുന്ന  ഓരോരുത്തരുടെയും പേര് കേട്ടാല്‍  ഇങ്ങനെ  ഒരിത് ഉണ്ടാകും. ബോണ്ട കുഞ്ഞാപ്പു , വെല്യച്ചന്‍ ,ഇങ്ങനെ  ഇങ്ങനെ  ഒരു പാട്  ഇരട്ട പേരുകളിലൂടെ ആണ്  ഞങ്ങളുടെ നാട് പരസ്പരം അറിയുന്നത് . പക്ഷെ " ഭഗോതി ചാത്തന്‍ " എന്ന് കേള്‍ക്കുമ്പോ സുഖം ഒന്ന് വേറെ തന്നെ ആണ്.
        ഭഗോതി  എന്ന്  വലിയവര്‍   നേരിട്ടും ഞങ്ങള്‍ കുട്ടികള്‍  ഒളിച്ചുംതെളിച്ചും  വിളിക്കുന്ന  സാക്ഷാല്‍ ചാത്തന്‍ ഒരു തെങ്ങ് കയറ്റകാരന്‍ ആണ്.. ഏറ്റുകാരന്‍  എന്ന് ഞങ്ങള്‍ പൊതുവേ പറയും. ചാത്തെട്ടന്റെ  കൂടെ  ഭഗവതി  വന്നത് ഒരു കഥയാണ്‌ ,   മീന്‍ പിടിക്കാന്‍  പോകുക എന്നത് എന്‍റെ നാട്ടിലെ  ഒരു വിനോദമാണ്‌ എല്ലാവരും  ജോലി ഇല്ലാത്ത ദിവസം  മീന്‍ പിടിക്കാന്‍ പോകുമ്പോ ഞങ്ങളുടെ ബോണ്ടയും മത്താപ്പും ജോലി ഒഴിവാക്കി പോകും എന്നെ  ഉള്ളു വ്യത്യാസം, ആര് കൂടുതല്‍ മീന്‍ പിടിച്ചു എന്നുള്ളതിന് ഒരു കിട മത്സരം തന്നെ അവരുടെ ഇടയില്‍ ഉണ്ട് . 
       പതിവ് പോലെ ഉള്ള എല്ലാ ജോലിയും  നാളേക്ക് മാറ്റി വെച്ച്   വലയും എടുത്തു, "എടിയെ മോളകരച്ചു  വെച്ചോ ഞാം വേം വരാം " എന്ന് പറഞ്ഞു ,പോകുന്ന വഴി കള്ളുഷാപ്പില്‍ കയറി ഒരു കുപ്പി കഴിച്ചു വരുമ്പോ മീന്‍ തന്നു കടം വീട്ടാം  എന്ന ഉറപ്പും കൊടുത്തു ചാത്തെട്ടന്‍ ഇറങ്ങി.                പതിവുപോലെ കൂടെ കൂടിയവരോടെല്ലാം പഴയ വീര കഥകളുടെ കെട്ടും അഴിച്ചാണ് യാത്ര. പോകുന്ന  വഴിക്കാണ്  യശോധയുടെ മകനെ വലയുമായി കാണുന്നത്. 
"ഡാ ചെറുതെ, ഇന്ന്‍  യ്യ്  വന്നിട്ട് , ഒരു കാര്യോം എല്ലാ ചാത്തെട്ടന്റെ  കൂട്യേ മീന്‍ പോരു "
 അത് പറഞ്ഞ  ആളെ ചാത്തെട്ടന്‍ കാര്യമായി ഒന്ന്  നോക്കി "ഇന്ന്, എന്‍റെ വക ഒരു പാതി മീന്‍  നിനക്കും" എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥം. യശോദയുടെ ചെക്കനെ കാണുമ്പോള്‍ ചാത്തെട്ടന് വികാര വിക്ഷോഭം ഉണ്ടാകും എന്നൊരു കഥ, കഥയായി തന്നെ  ആണോ  എന്നറിയില്ല ഇതിനുള്ളില്‍ മറഞ്ഞു കിടക്കുന്നുണ്ട് . 
       എല്ലാ ദിവസത്തെയും പോലെ  ചതെട്ടന്റെ വലയില്‍ മീന്‍  കയറുന്നില്ല !, യശോദയുടെ ചെക്കന്റെ ഓരോ വീശലിനും വല നിറയെ മീനും , വലിച്ചു കയറ്റുന്ന ഓരൊ വലയും ചാതെട്ടന്റെ ആത്മവിശ്വാസം കുറക്കാന്‍ തുടങ്ങി
.."ഒരു ചെറിയ പരല്  പോലും ഇല്ലല്ലോ ചാത്താ" 
എന്നൊരു തട്ടും ആരോ ഇറക്കി...
ചാതെട്ടന്‍ ഒറ്റ കാലില്‍ നിന്ന് ഒരു ഓഫര്‍ കൊടുത്തു ഭഗവതിക്ക് 

 " ന്റെ ഭഗവത്യെ , ഈ വാലേല്‍ മീന്‍ ഉണ്ടെങ്ങി, അനക്ക് വെളക്ക് വെക്കാന്‍ കാവിലേക്ക്  നൂറു എണ്ണ എന്‍റെ വക " 

എല്ലാവരേം ഒന്ന് നോക്കി ചാതേട്ടന്‍  വല എറിഞ്ഞു ...വലിച്ചു നോക്കിയ വലയില്‍ ഒരു കരിയില പോലും ഇല്ല .ആകെ ഉള്ളത് ഒരു ചെറിയ പരല്‍ മീന്‍ മാത്രം ഉച്ച വെയിലില്‍ അത് കിടന്നു തിളങ്ങി 
" അതിനെ എടുത്തു കാണിക്കാന്‍ ആകും വല എത്ര വൃത്തിയാക്കി വച്ചത് അല്ലെ ചാത്താ, ഭഗവതിക്ക് കൊടുത്താല്‍  പിഴക്കില്ല " 
ചാതെട്ടന്‍  പരല്‍  മീനിനെ  എടുത്തു വാലില്‍ പൊക്കി പിടിച്ചു ,  അവസാന ശ്വാസത്തിന് മുറവിളി കൂട്ടുകയാണ് മീന്‍ . മീനിനെ ചതെട്ടന്‍ തിരിച്ചും മറിച്ചും നോക്കി 

"ന്‍റെ ഭാഗോത്യെ , ഇതിപ്പോ നൂറു എണ്ണ വാങ്ങ്യ നഷ്ടാണല്ലോ"...
ഇതു പറഞ്ഞതും മീന്‍ ഒന്ന് പിടച്ച് തിരികെ വെള്ളത്തിലേക്ക്    വീണതും ഞൊടി ഇട കൊണ്ടായിരുന്നു.

"ന്‍റെ   ഭാഗവത്യെ വന്നു വന്ന് അന്നോടൊരു  തമാശയും പറയാന്‍ വയ്യാണ്ടായോ " 
ഇതായിരുന്നത്രേ ചതെട്ടന്റെ അന്നത്തെ   അവസാന വലയും വാക്കും ...അന്നത്തെ തിരിച്ചു വരവില്‍  ഒപ്പം പോയവരെല്ലാം  കൂടെ പറഞ്ഞു ചാതെട്ടന്റെ കൂടെ കൂടിയതാണത്രെ ഭഗവതി ..അന്നുമുതല്‍  വെറും ചാത്തന്‍ "ഭഗോതി ചാത്തന്നായി "
 

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

വില


തിരക്കിനിടയിലൂടെ നടക്കുമ്പോഴും അവളുടെ വാക്കുകളായിരുന്നു മനസ്സില്‍
'എന്ത് വാങ്ങ്യാലും ഒന്ന് പേശി വാങ്ങനെ ഇങ്ങളെ പറ്റിക്കാന്‍ എളുപ്പാ "
അത് നീ തന്നെ പറയണം എന്ന് മനസ്സില്‍ ഓര്‍ത്തു.
'യെ ദേഖോ സാബ് അച്ഛാ മാല്‍ ഹെ'
കൊള്ളം നല്ല ഷര്‍ട്ട്‌ പീസ്  വില നോക്കി , ഇരുനൂറു രൂപ ! പയ്യന്‍ ഇടതടവില്ലാതെ എന്തോക്കൊയോ പറയുന്നുണ്ട് ഇരുനൂറു രൂപ എടുത്ത് തിരിച്ചു വച്ചു
"പേശി വാങ്ങണേ" ഇവള്‍ക്ക് വേറെ പണി ഇല്ലെ
നൂറു മതി ...സൊ ബായി
നടക്കില്ല സാബ് , പയ്യന്‍ വീണ്ടും തുണിയുടെ ഗുണം വര്‍ണ്ണിക്കുക ആണ്
"നൂറു , നൂറു മതി " മനസ് സമ്മതിക്കുന്നില്ല
"ശരി സാബ് നിങ്ങള്‍ മലയാളികളെ അങ്ങനെ പറ്റിക്കാന്‍ പറ്റില്ലാലോ" ,  അവന്‍ ഷര്‍ട്ട്‌ പീസ്‌ പൊതിയാന്‍ തുടങ്ങി
ഇനി ഇതു നൂറു രൂപക്കില്ലേ ,അല്ലെങ്ങില്‍ അവന്‍ എത്ര പെട്ടെന്ന് സമ്മതിക്കുമോ,
മനസ്സില്‍ സംശയം തലപൊക്കുന്നു   "പേശി വാങ്ങണേ " ശ്രീമതി ഉള്ളില്‍ നിന്നും മാന്തുന്നു.
പതുക്കെ പറഞ്ഞു "യെ  അച്ഛാ മാല്‍ നഹി, പചാസ്മെ മിലേഗ?" , അവന്റെ കണ്ണിലേക്കു നോക്കാന്‍ തോന്നിയില്ല 
"സാബ് വേണമെങ്ങില്‍ വാങ്ങു" പൊതിയഴിച്ച് അവന്‍ വേറെ അരോയോ തിരയാന്‍ തുടങ്ങി ഞാന്‍ ചുറ്റും നോക്കി, അവന്റെ ചുറ്റിലും നല്ല കച്ചോടം നടക്കുന്നു, അവന്റെ മുന്നില്‍ ഞാന്‍ മാത്രം
മനസ്സില്‍ ഉത്സാഹം നിറഞ്ഞു
 " അന്‍പതിനു ആങ്ങെങ്ങില്‍ മതി , അല്ലെങ്ങില്‍ വേണ്ട "
ഒരു പത്തു ഇരുപത് വയസു കാണും അവന് , രാവിലെ മുതല്‍ ഇന്‍ഷുറന്‍സ് പിടിക്കാന്‍ നടന്നിട്ട് ഒന്നും കിട്ടാത്ത എന്റെ മാനസികാവസ്ഥ ഞാന്‍ ഊഹിച്ചു ഇനിയും എനിക്കും പേശണം..
മനസില്ല മനസോടെ വീണ്ടും തുണിയെടുത്ത അവന്റെ കണ്ണില്‍ തന്നെ നോക്കി ഇത്തവണ
"ഇരുപത് , ഇരുപതിനാനെങ്ങി മതി " ശ്രീമതി മാന്തല്‍ നിര്‍ത്തിയിരിക്കുന്നു
അവനെന്ന്നെ തുറിച്ചു നോക്കി , വീട്ടില്‍ അവന്‍ വാങ്ങി കൊണ്ട് വരുന്നു അരിയും സബ്ജിയും നോക്കിയിരിക്കുന്ന അവന്റെ അമ്മയെയും പെങ്ങളയൂം ആ കണ്ണില്‍ ഞാന്‍ കണ്ടു, ഉത്സാഹം കൂടുന്നു.ഇപ്പോള്‍ ശ്രീമതി എന്നെ സാകൂതം നോക്കാന്‍ തുടങ്ങിയിരിക്കുന്നു. "ദേദോ, സാബ് " അവന്‍ കൈ നീട്ടി, ഒട്ടും മടിച്ചില്ല കീശയില്‍ നിന്നും ഒരു പത്തു രൂപ എടുത്തു നീട്ടി. മനസ്സില്‍ വല്ലാത്തൊരു ആഹ്ലാദം.അവനെന്നെ തുറിച്ചു നോക്കി ..പിന്നെ പെട്ടെന്നായിരുന്നു അതെ നോട്ടം നോക്കികൊണ്ട്‌ അവനാ ഷര്‍ട്ട്‌ ചുരുട്ടി എന്റെ മുഖത്തേക്ക് എറിഞ്ഞു "കൊണ്ട് പോടാ നീ ഒന്നും തരണ്ട ",ഹിന്ദിയില്‍ പറഞ്ഞത് അത്രയും എനിക്ക് മനസിലായി ബാക്കി നല്ലത് ഒന്നും ആവാന്‍ വഴിയില്ല,വല്ലാത്തൊരു വിറയലുണ്ടായിരുന്നു അവന്റെ സ്വരത്തിനും ശരീരത്തിനും ... ഉള്ളില്‍ ശ്രീമതി സ്തംഭിച്ചു പോയി എന്ന് തോന്നുന്നു ....പിന്നെ ഞാന്‍ മടിച്ചില്ല കുറച്ച ഉറക്കെ തന്നെ ചോദിച്ചു " എന്നാ പിന്നെ ഒന്ന് കൂടെ തരുമോ ?" 

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

സ്റ്റാറ്റസ്

രാത്രി ഏറെവൈകി ലാപ്‌ ടോപ്പില്‍ തലയും  വെച്ച്  ഒന്ന് മയങ്ങിപോയി, പുറത്താരോ  പതുക്കെ തട്ടിയപ്പോഴാണ് ഞെട്ടി ഉണര്‍ന്നത് ..കൈയില്‍ പുതിയ ആപ്പിള്‍ ഫൈവ് സിരീസുമായി വെളുക്കെ ചിരിച്ചു കൊണ്ട് ഒരാള്‍.
'ആരാ ?" 
പൂട്ടിയിട്ട വീട്ടില്‍ ഇയാള്‍ എങ്ങനെ കടന്നു എന്ന ഞെട്ടല്‍ പുറത്തു കാണിക്കാതെ ചോദിച്ചു
 "കാലന്‍, പോകാന്‍ സമയമായി," ഫോണില്‍ എന്തോ കാര്യമായി നോക്കി അദ്ദേഹം പറഞ്ഞു,
 " എന്തെങ്ങിലും അവസാന ആഗ്രഹം ?" 
'ഒരു പോസ്റ്റ്‌ ഇട്ടോട്ടെ ?'
ഫേസ് ബുക്കില്‍ അവസാന പോസ്റ്റ്‌ ഇടുമ്പോള്‍ കുടുംബവും കുട്ടികളും ഒന്ന് മനസിലേക്ക് വന്നതേ ഇല്ല... സ്റ്റാറ്റസ് അപ്ഡേറ്റ് ആയല്ലോ എന്ന ഒരു സമാധാനം മാത്രം ...ഹാവൂ  

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

മടക്കം



         'ഉള്ള കാശ് വല്ലയിടത്തും ഒളിപ്പിച്ചോ അല്ലെങ്ങി നാട്ടിലെത്തിയാല്‍ പണി പാളും' 
മൊയ്തീന്‍ ആദ്യമേ മുന്നറിയിപ്പ് തന്നിരുന്നു . 
         " ഇല നക്കി പട്ടിയുടെ ചിറിനക്കികള്‍ ഉള്ള സ്ഥലമാ മോനെ ഡിപോര്‍ട്ടേഷന്‍ സെന്‍റെര്‍""""""""'
അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ഒരാഴ്ച മുന്‍പ് തന്നെ തിരശീല വീണിരുന്നു ,  വിസയില്ലാതെ പണി എടുത്തതിനു പിടിച്ചതിനു ശേഷം ഒരാഴ്ച  ഡിപോര്‍ട്ടേഷന്‍ സെന്റെറില്‍ ......കവിളിലെ ചുവപ്പ് മാറിയിട്ട് കയറ്റി വിട്ടാല്‍ മതിയേ എന്നുമാത്രമായിരുന്നു അവിടുത്തെ പ്രാര്‍ത്ഥന.
          അവസാന ഒരു വര്‍ഷമാണ്‌ ഗള്‍ഫ്‌ ജീവിതം  ശരിക്കും  അറിഞ്ഞത്.പക്ഷെ ഒരു രാത്രി ഖത്തര്‍ പോലീസ്  കവിളില്‍ കൈവീശി രണ്ടെണ്ണം പൊട്ടിച്ച് വണ്ടിയില്‍ കയറ്റുമ്പോ എല്ലാവരുടെയും കണ്ണിലെ പകപ്പ് , എന്‍റെ ജീവിതം എന്താകും എന്ന് ആലോചിച്ചുള്ള ആദി അല്ലായിരുന്നു, വിസയില്ലാതെ ഒരാളെ പണിക്കെടുത്തത് കൊണ്ട്  കമ്പനിക്ക് എന്ത് പ്രശ്നം ഉണ്ടാകും എന്നായിരുന്നു. കുറ്റം പറയാന്‍ പറ്റില്ല, അവരുടെ കൂടെയുള്ള ഒരു വര്‍ഷം മാത്രമാ ജീവിച്ചു എന്ന് പറയാന്‍ പറ്റുന്നത്..ഇങ്ങനെ  ഒരു ദിവസത്തിന് കുറെ ആയി കാത്തിരിക്കുന്നു, വിസയില്ലാത്തവരെ തിരഞ്ഞു പിടിച്ചു നാട് കടത്തുന്ന ദിവസം, പിന്നെ ആ നാട്ടിലേക്ക് പ്രവേശനം ഇല്ല. അതുകൊണ്ട് തന്നെ ഏകദേശം എല്ലാ സാധനങ്ങളും നാട്ടിലേക്ക് പാര്‍സല്‍ ചെയ്തിരുന്നു.  കൈയ്യില്‍ ഒരു ബാഗ്‌ മാത്രം..അല്ലെങ്കിലും എന്ത് കൊണ്ടുവരാന്‍ കഴിയുമായിരുന്നു ..നട്ടപാതിരക്കു കയറി വന്നിട്ടാണ് വിളിച്ചിറക്കി കവിളില്‍ രണ്ടെണ്ണം പൊട്ടിച്ചത്..
            ട്രെയിന്‍ സ്റ്റെഷനിലേക്ക് അടുക്കുന്നു. ഇനി ഒരു സിഗ്നല്‍ കൂടി കഴിഞ്ഞാല്‍ കോഴിക്കോട്! അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടും  വീടും.. പത്തു മണി കഴിഞ്ഞാല്‍ ഈ നഗരം ഉറങ്ങാന്‍ തുടങ്ങും, എല്ലാ നഗരങ്ങള്‍ക്കും ഉള്ള പോലെ ഒരു രാത്രിലോകം ഇവിടെയും  ഉണ്ടാക്കാം പക്ഷെ പുറത്തു നിന്നും നോക്കിയാല്‍  ഇവിടം വളരെ ശാന്തമാണ്. രാജന്‍ സര്‍ പറയുമായിരുന്നു " അതിന്റെ കാരണം അറിയുമോ പ്രശാന്ത്‌ ? നിങ്ങളുടെ നഗരത്തില്‍ തട്ടുകടകള്‍ കുറവാണ് !" രാജന്‍ സാര്‍ തിരുവനന്തപുരത്ത് പോലീസില്‍ ആയിരുന്നു അതാകാം എല്ലാറ്റിലും ഒരു പോലീസ് കണ്ണ് ... .
          കൈയ്യിലെ ഒരു ചെറിയ ബാഗും എടുത്തു പുറത്തേക്കു നടന്നു, ഇന്നെത്തും എന്ന് വീട്ടിലാര്‍ക്കും അറിയില്ല , അല്ലെങ്ങില്‍ അമ്മ ഉണ്ടാകുമായിരുന്നു,വാതില്‍ക്കല്‍ തന്നെ , ചോറ് ചൂടാക്കണോ ചപ്പാത്തി മതിയോ എന്നൊക്കെ ചോദിച്ച്... അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഈ നഗരത്തിനു വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ല. ഇവിടെ ഈ ബസ് സ്റ്റോപ്പില്‍ ഒരുപാട് വായിനോക്കി ഇരുന്ന ഒരു കാലം മനസിലേക്ക് ഓടി വരുന്നു. പതിയെ അവിടെ കുറച്ച് ഇരുന്നു. ഇനി ഇവിടുന്ന് ഒരു മുപ്പതു മിനിറ്റ് നടന്നാല്‍ വീട്ടിലെത്താം, ഓട്ടോക്ക് ഒരു അഞ്ചു മിനിട്ടില്ല പക്ഷെ ഇനി കൈയിലുള്ള പണം ഒന്നിനും തികയില്ല ... പാതയോരത്ത് ശാന്തരായി കിടന്നുറങ്ങുന്ന ഒരുപാട് പേര്‍, സ്വയം ചിരിച്ചു പോയി, വളരെ പെട്ടെന്ന്‍ തന്നെ പഴയ സ്വഭാവം തലപോക്കിയിരിക്കുന്നു, മറ്റുള്ളവരുടെ കാര്യം ഗണിച്ചു പറയുക , അമ്മ പറയുമായിരുന്നു " നീ ഉള്ള കാലത്ത് ജ്യോത്സം പഠിച്ചിരുന്നെങ്ങില്‍, ഇപ്പോ നന്നായേനെ " ഇതേ പോലെ കുറച്ച് കാലം ഞാനും കിടന്നതല്ലേ എന്ന് പെട്ടെന്ന് മനസിലേക്ക് കയറി വന്നു ...
         ഇടവഴിലൂടെ നടക്കുമ്പോ വെറുതെ ചുറ്റും നോക്കി, പണ്ടൊക്കെ ഈ വഴിയിലൂടെ ഏത് രാത്രിയില്‍ നടന്നു വരുമ്പോളും "പ്രശാന്തേ എന്തേ നേരം വൈകിയോ " എന്നുള്ള  ചോദ്യം എവിടുന്നോക്കൊയോ കേള്‍ക്കാമായിരുന്നു.. നാടിന്റെ നന്മ!. അഞ്ചു കൊല്ലം കൊണ്ട് ആരോക്കൊയോ പോയി , മീന്‍കാരന്‍ കോയ, പച്ചക്കറിക്കാരന്‍ പരമുനായര്‍ ഇങ്ങനെ ഓരോരുത്തര്‍.... അമ്മയുടെ ഓരോ കത്തും ഇങ്ങനെ ഓരോ വിശേഷങ്ങളും ആയാണ് എത്താറുള്ളത്..രാജന്‍ സാര്‍ പറയുന്ന പോലെ " ഇപ്പോ ഹായ് ഹലോ  എന്ന് പറയുന്ന ബന്ധമേ ഉള്ളു, സമയമില്ല ആര്‍ക്കും " അന്നത് കേട്ട് ചിരിച്ചിരുന്നു  എന്റെ അടുത്തുള്ളത് അത് മാത്രമാണല്ലോ  അന്ന് മാത്രമല്ല ഇന്നും..പക്ഷെ ഇന്ന് മുന്നില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍  രാജന്‍ സാറിന്റെ ആ വാക്കുകള്‍ ആയിരുന്നു  ചെവിയില്‍ മുഴങ്ങിയത് ... പതിവില്ലാത്തവിധം  അതിനെന്തോക്കൊയോ അര്‍ത്ഥാന്തരങ്ങള്‍ ഉള്ളപോലെ .....
       
       
    



2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

അവന്‍

എനിക്കവനെ വെറുപ്പായിരുന്നു,  അവന്  എന്നെയും ...ഒരേ മേശയുടെ രണ്ടു വശങ്ങളില്‍ ഇരുന്ന് ഞങ്ങള്‍ വഴക്ക് കൂടി..പരസ്പരം ചെളി വാരി എറിഞ്ഞു.. ഇന്ന് അവന്‍ പോയി . ഇപ്പോള്‍ ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു ഞാന്‍ എത്ര മാത്രം ഏകന്‍ ആണെന്ന്, ഒന്ന് വെറുക്കാന്‍ പോലും പറ്റാത്തത്ര, എന്‍റെ  തുരുത്തില്‍, ഞാന്‍  ഒറ്റപെട്ടു പോയെന്ന്..

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

സ്പീഡ്

'ഇങ്ങനെ പോയാല്‍ അടുത്ത മാസമേ സ്റ്റാന്‍ഡില്‍ എത്തൂ, ഒന്ന് ചവിട്ടി വിടടോ ഒരുപാട് പണി ഉള്ളതാ, ഇതിലും ഭേദം കാളവണ്ടിയാ" പിന്നിലെ സീറ്റിലെ മാന്യനെ ബഹുമാനത്തോടെ നോക്കി ഒരാളെങ്ങിലും ഉണ്ടായല്ലോ ഇതുപറയാന്‍ 'ഈ ബസുകാരുടെ കാര്യം ഇങ്ങനെ തന്നെയാ..." അദ്ദേഹം തുടരുന്നതിനിടയില്‍ തന്നെ എന്റെ സ്ഥലം എത്തി..ഒന്ന് തിരിഞ്ഞു നോക്കി വേഗം ഇറങ്ങി ...പിന്നെ അദ്ദേഹത്തെ  കാണുന്നത് ഇന്നാണ് എന്റെ ബൈക്കിന് ഓവര്‍ സ്പീഡ് ആണെന്ന് പറഞ്ഞ് പെറ്റി അടിച്ചു തന്നത് അതെ ഏമാന്‍ തന്നെ  ആയിരുന്നു..

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

മിനികഥ

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് ഞാന്‍ അവനെ കുറെ ശകാരിച്ചു. അവസാനം എന്നെ അവന്‍ അനുസരിച്ചോളാം എന്ന് സമ്മതിച്ചപ്പോ എനിക്ക് ഒരുപാട് സന്തോഷം ആയി. അതിനു ശേഷം അവന്‍ മുറിച്ചതെല്ലാം ഞാന്‍ ഇരുന്ന കൊമ്പായിരുന്നു!!

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

കുട്ടി


'ദാ ആ വളവു തിരിഞ്ഞാല്‍ തന്നെ കാണാം മൂപ്പെരെ പീട്യ, ഇങ്ങക്ക് തെറ്റൂല നല്ല മണം ണ്ടാകും'

കാറുകാരന്‍ ഒന്ന് വെളുക്കെ ചിരിച്ചു മുന്നോട്ടു പോയി , ഇങ്ങക്ക് പൊതിഞ്ഞു വാങ്ങാനാണോ അതോ അവിടുന്ന് തിന്നനാണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു കുട്ടിക്ക് ,കെട്ടിനില്‍ക്കുന്ന ചെളി വെള്ളം തെറുപ്പിച്ച് കാര്‍ വളവുതിരിയുന്നത് വരെ കുട്ടി നോക്കി നിന്നു

"മൂപ്പര്‍ക്ക് വാങ്ങി കൊണ്ടോവാന്‍ ആയിരിക്കും കോഴിയോ അതോ ആടോ?

ആട് ബിരിയാണി നല്ല രസാന്നു താഴത്തെ മജീദു പറഞ്ഞിട്ടുണ്ട് അവനു ദിവസം കിട്ടും ബിരിയാണി. അവിടെ കളിയ്ക്കാന്‍ പോകുമ്പോ പാത്തുമ്മ ചോദിക്കും

"അനക്ക് ബിര്യാന്‍ ബെനോന്നു "

കുട്ടിക്ക് വേണംന്ന് പറയാന്‍ വന്നാലും പുറത്തേക്ക വേണ്ടാന്നെ വരൂ ..

"മ്പളെ വീട്ടില്‍ നിന്നല്ലാതെ ഒന്നും തിന്നരുതെന്ന ഉമ്മ  പറയാറ്,മജീദിന്  ഒരു പാട് സാധനം കിട്ടും.. ഉപ്പ ഇല്ലാത്ത അവനു ഒരു പാട് മുട്ടായി വാങ്ങികൊടുക്കാന്‍ കൊറേ ആളുകള്‍ ഉണ്ട് ... ആരെങ്ങിലും എന്തെങ്ങിലും കൊടുത്താല്‍ മജീദ്‌ അതും വാങ്ങി ഓടിവരും താഴെ പാറയുടെ മറവിലേക്ക് , അപ്പൊ മാത്രം പാത്തുമ്മ അവനെ വീടിലേക്ക്‌ വിളിക്കില്ല...മജീദിന്റെ അടുത്ത് നിന്നും മുട്ടായി വാങ്ങി തിന്നെന്നു വീട്ടില്‍ അറിഞ്ഞാ പിന്നെ പറയണ്ട കഥ...എനിക്കും ബാപ്പയില്ല പക്ഷെ മുട്ടായി വാങ്ങി ആരും വീട്ടിലേക്ക് വരില്ല.. ഒരിക്കല്‍ ഗോവിന്ദപണിക്കര്‍ ഒരു മുട്ടായി വാങ്ങി തന്നത് ഉമ്മ അറിഞ്ഞപോഴുണ്ടാക്കിയ പുകില്‍ ... അവസാനം അത് മൂപെരെ വീട്ടില്‍ കൊണ്ട് കൊടുത്തിട്ടേ ഉമ്മ വിട്ടുള്ളൂ, അത് കൊണ്ട് തന്നെ മജീദിന്റെ മുട്ടയിയുടെ കാര്യം കുട്ടി വീട്ടില്‍ പറയാരെ ഇല്ല ....നാവില്‍ ഒരു രസച്ചരട് പൊട്ടി വരുന്നു, ആ വളവിന്റെ അപ്പുറത്താണ് ബഷീറിന്റെ ഹോട്ടല്‍ , ഹോട്ടല്‍ എന്നൊന്നും പറയാന്‍ പറ്റില്ല... ഉച്ചക്ക് ബിരിയാണി മാത്രം ഉണ്ടാകും..അത് അവിടുന്ന് കഴിക്കാനും പൊതിഞ്ഞു കൊണ്ടുപോകാനും ആളുകള്‍ ഒരുപാടു കാണും. അവിടെ, ബഷീര്‍ക്കയും മൂപ്പരെ ഉമ്മയും മാത്രമേ ഉള്ളു അവിടെ മൂപ്പരെ വീട് തന്നെ ആണ് ഹോട്ടെലും,ചെറിയൊരു വീടും പിന്നെ മുന്നിലൊരു ഹോട്ടെലും , ഉമ്മെനോട് കൊറേ പറഞ്ഞു ബിരിയാണിക്ക്, ഉമ്മ വാങ്ങി തരാം എന്ന് പറയും പിന്നെ അന്ന് രാത്രി കെട്ടിപിടിച്ചു കരയും.. അപ്പൊ കുട്ടിക്കും കരച്ചില്‍ വരും പിന്നെ പിന്നെ കുട്ടി ചോദിക്കല്‍ നിര്‍ത്തി , പക്ഷെ മജീടിനോട് പറയുമ്പോ കൊഴിയ ആടിനെക്കാള്‍ നല്ലത് എന്നെ പറയു. ബഷീര്‍ക്കന്റെ ഹോട്ടലില്‍ കൊറേ ആളുകള്‍ ഉണ്ട് ..ഇറചിക്കാരന്‍ മമ്മത് ബൂ എന്നും പറഞ്ഞു തുപ്പിയത് എന്റെ മേലേക്ക് ഇപ്പോ തന്നെ തെറിച്ചേനെ..'എന്താണ്ട ബിര്യന്‍ വേണോ '? കുട്ടി മുഖം തിരിച്ചു കളഞ്ഞു മമ്മതിനെ കുട്ടിക്ക് ഇഷ്ടം അല്ല... എപ്പൊ കണ്ടാലും യ്യ് പീട്യെലെക്ക് വാ ' എന്ന് പറയും പിന്നെ കെട്ടിപിടിക്കും കൊഴീന്റെ മണം കുട്ടിക്ക് ഓക്കാനം വരും.. 'ബാപ്പ വാങ്ങി തന്നേനെ അല്ലെ ഉമ്മ ? ' ഒരിക്കല്‍ അതും ചോദിച്ചതും ഉമ്മ എന്തോക്കൊയോ പറഞ്ഞു ... ബാപ്പ യെ പറ്റി ചോദിയ്ക്കാന്‍ പറ്റില്ല എന്ന് അന്ന് ഉറപിച്ചാണ് ..പിന്നെ മജീദ പറഞ്ഞത് ബാപ്പ കോഴിക്കോട്ടു ആണെന്ന് ...ബാപ്പ ഒരു ദിവസം വന്നിട്ട് കുറച്ച ബിരിയാണി വാങ്ങി തന്നിട്ട് പോയാലും മതിയായിരുന്നു .. ന്റമ്മോ ഒരു പന്ത് വന്നു കുട്ടിയുടെ കാലില്‍ തട്ടി..അപ്പെട്ടനും ചങ്ങായി മാരും ആണ് കളിക്കുന്നത്.. ഉമ്മാക്ക് അവിടെ കളിയ്ക്കാന്‍ പോയാലും കുറ്റമാ..അപ്പേട്ടന്‍ രാത്രി മജീദിന്റെ വീട്ടില്‍ പോകും അവനു കൊറേ മുട്ടായിയും കൊടുക്കും ...'ഡാ പന്ത് അടിക്കെട ' കുട്ടി ചുറ്റും നോക്കി വേഗം കുട്ടി വേഗം പന്ത് അടിച്ചു കൊടുത്തു , അല്ലെങ്ങില്‍ പിന്നെ ഇപ്പോ ഉമ്മ വന്നോ ഇല്ലെ എന്നൊക്കെ ചോദിയ്ക്കാന്‍., മജീദിന്റെ അടുത്തൂടെ പോയപ്പോ നല്ല മണം ! കുട്ടി വേഗം നടന്നു... വീട്ടിനു മുന്നില്‍ പതിവില്ലാതെ ആളുകള്‍ ...'ഉമ്മ ഉമ്മാക്ക് വയ്യ മോനെ ' നാണി തള്ള കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു ' ഓള് പോയി പാവം ചെക്കെന്‍ ഇനി ആരും ഇല്ലാതെ എന്താവോ എന്തോ ?' ആരോക്കൊയോ പറയുന്നത് കുട്ടി കേട്ട് .. അമ്മ പോയോ ഇനി വരില്ലേ ??? ഹാവൂ അപ്പൊ ഇനി മജീദിന്റെ വീട്ടില്‍ നിന്ന് ബിരിയാണിയും, ഗോവിന്ദപണിക്കര്‍ തരുന്ന മുട്ടായിയും വാങ്ങാല്ലോ .. കുട്ടി നാണിതള്ളയുടെ അടുത്തേക്ക് ഒന്നുകൂടെ ചേര്‍ന്ന് നിന്നു...അപ്പൊ പടിഞ്ഞാറുനിന്നും അടിച്ച കാറിന് നല്ല മണം ഉണ്ടായിരുന്നു....